പഴമക്കാർ ഭീതിയോടെ ഓർക്കുന്ന പ്രളയവാരിധി.1924ൽ തിരുവതാംകൂറിലും തിരുകൊച്ചിയിലും മലബാറിലും അതിൻ്റെ നടുക്കുന്ന ഓർമകൾ ഉണ്ട്. മനുഷ്യർ ചേർത്തു പിടിച്ചും ചേർന്നിരുന്നും അതിജീവിച്ച ഒരു മഹാദുരന്തം. ആരാധനാലയങ്ങൾ ആതുരകേന്ദ്രങ്ങളും ആശാ കേന്ദ്രങ്ങളുമായി വാതിൽ തുറന്നിട്ട ഓർമ ചിത്രങ്ങൾ. അന്നത്തെ പത്രതാളുകളിലും കഥയിലും കവിതയിലും ഒക്കെയായി നിറഞ്ഞു കിടപ്പുണ്ട്.
കണ്ണൂരിൻ്റെ കിഴക്കൻ ഭൂമികയായ കൊട്ടിയൂർ മലനിരകളും പരിസര ഗ്രാമമായ മണത്തണക്കും അത് ആർത്തലച്ചു വരുന്ന പ്രളയവാരിധിയല്ല പൊട്ടിയടർന്ന് വരുന്ന മലയുരുളുകളുടെ മലയിരുമ്പമായിരുന്നു. ആ ദുരന്തമുഖം കൺ പാർത്തവർ ഇന്ന് ജീവിച്ചിരിക്കുവാൻ വഴിയില്ല ഇന്നേക്ക് കൃത്യം 96 വർഷങ്ങൾക്കു മുമ്പാണത് എങ്കിലും മൊഴികളിലൂടെ പകർന്ന് തിടം വെച്ച് തറഞ്ഞു പോയ ഓർമ ചിത്രങ്ങൾക്ക് തെളിമ നഷ്ടമായില്ല. 1924 ൽ ജനവാസം തീരെ കുറത്തപ്രദേശമായിരുന്നു ഇവിടം.. മണത്തണയിലെ ജനവാസ പ്രദേശം പിന്നെ കൊളക്കാട് കൊട്ടിയൂർ മലകളുടെ താഴ് വരയിലെ കുറിച്യരും പണിയരും ഉൾപെടുന്ന ആദിവാസി ജന വിഭാഗം. തിരുവതാംകൂർ കൂടിയേറ്റം ഇവിടെ ആ കാലങ്ങളിൽ സജീവമായിട്ടുമില്ല. 1924 ലെ കർക്കിടക മാസം. ഓർമകൾ അതിൻ്റെ മഞ്ഞലകൾ മാറ്റി പെയ്യാൻ തുടങ്ങുന്നുണ്ട്.
”കാക്കകൾ കണ്ണുകൾ തുറക്കാത്ത” 14 ദിനരാത്രങ്ങൾ നീണ്ട തോരാമഴ
അന്നേക്ക് കൊട്ടിയൂർ യാഗോത്സവം കഴിഞ്ഞ് 41നാൾ, കർക്കിടകം 12, ഉച്ചയോടെ ഒറ്റപിലാമലയിൽ ഉരുൾപൊട്ടി. അതിൻ്റെ അടിവാരത്തിലെ ഓടക്കാട്ടിലച്ചൻ്റെ യോഗനിദ്രാതടം, തൃച്ചെറു മണ്ണെന്ന പെരുമാൾ മണ്ണിൻ്റെ മേൽവാരം പൊട്ടി ഒഴുകുന്നു. സന്ധ്യയോടെ കുറിച്യർ വിവരവുമായി മലവെള്ളച്ചാലുകൾ നീന്തി കടന്ന് മണത്തണയിലെത്തി കൊട്ടിയൂരിൻ്റെ അടിയന്തിരക്കാരും ഊരാളൻമാരും മണത്തണയിലാണ് താമസം. വിവരമറിഞ്ഞയുടനെ 16 ആണുങ്ങളും അന്നത്തെ അധികാരിയും ഊരാള പ്രമുഖനുമായ കരിമ്പനക്കൽ ചാത്തോത്ത് ഗോവിന്ദൻ നായരും രാതി തന്നെ കൊട്ടിയൂരിലേക്ക് പുറപ്പെട്ടു. കാൽനടയാത്രയെ അന്നുള്ളൂ. കലങ്ങിയൊഴുകുന്ന മലവെള്ളച്ചാലുകളെയും തോരാമഴയേയും കൂസാതെ പുറപ്പെട്ട സംഘം അവിടെയെത്തുമ്പോൾ നേരം പുലർന്നിരുന്നു. അവിടെ കണ്ടകാഴ്ച ബാവലി പുഴ രണ്ടായി ഗതി മാറിയൊഴുകുന്നു. യാഗഭൂമി പ്രദേശം മുഴുവൽ വൻ മരങ്ങൾ കടപുഴകി വീണ്, കൂറ്റൻ പാറക്കൂട്ടങ്ങളും, ചെളിയുമായി മൂടപെട്ടിരിക്കുന്നു. ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ മനസ്സു പിടഞ്ഞ് അവർ മണത്തണയിലേക്ക് തന്നെ തിരിച്ചു. മഴയൊന്നടങ്ങിയപ്പോൾ കൊട്ടിയൂർ യാഗഭൂമി വീണ്ടെടുക്കാനുള്ള കർമപരിപാടികൾക്ക് അധികാരി നേത്യത്വം കൊടുത്തു. റോഡ്, വാഹനങ്ങൾ, വൈദ്യുതി ഒന്നുമില്ലാത്ത ആ കാലം.
6 മാസം നീണ്ടു നിന്ന ഭഗീരഥപ്രയത്നം. കാടറിയുന്ന കുറിച്യരും പണിയരും മുന്നിൽ നടന്നു. കേട്ടറിഞ്ഞ് തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂർ, തുടങ്ങിയ ഒട്ടേറെ നാടുകളിൽ നിന്നും ആളുകളെത്തി. താമസവും കൊട്ടിയൂരിൽ തന്നെ. മണ്ണും വെള്ളവും കലർന്ന് കിലോമീറ്ററോളം വിസ്തൃതിയിൽ ഒരു ചെളിത്തടം അതായിരുന്നു അവസ്ഥ.
ആ ചെളിത്തടത്തിൽ വട്ടള പാത്രം ഇറക്കി മരക്കോലുകൾ കൊണ്ട് തുഴഞ്ഞ് യാഗഭൂമിയിലേക്ക് അതിസാഹസികമായി മുൻപേ വഴിതെളിയിച്ചത് മണത്തണ കുളങ്ങരയത്ത് രാമൻ നായർ. അവിടെ ചെന്നപ്പോൾ യാഗഭൂമിയിലെ അരയാൽ വൃക്ഷത്തിൻ്റെ ഉച്ചിത്തല മാത്രമുണ്ട് മണ്ണിന് മുകളിൽ അടയാളമായി. ആത്മവിശ്വാസം വിടാതെ പെരുമാളിൻ്റെ മണ്ണിൻ്റെ വീണ്ടെടുപ്പിനായുള്ള യജ്ഞം തുടങ്ങി. ഒറ്റപിലാമലയിൽ നിന്ന് കാടൻ മെയ്ച്ചല് കേറി വെളിച്ചപ്പെട്ട് ഉറഞ്ഞു വന്നു. അമ്പുകുത്തി മണിത്തറയുടെ സ്ഥാനം കാണിച്ചു കൊടുത്തു കൂറ്റൻ കുന്നിൻ്റെ വലുപ്പത്തിലുള്ള ഒരു പാറക്ക് അടിയിലായിരുന്നു ആ സ്ഥാനം. വിശ്രമമില്ലാതെ മാസങ്ങൾ നീണ്ട പ്രയത്നം ഫലം കണ്ടു. സ്വയംഭൂ ശില കണ്ടെത്തി. അതിനു ശേഷമാണ് കൊട്ടിയൂരിലെ കയ്യാലകൾ മണിത്തറയുടെ മേൽപരപ്പിൽ ആയത്. കൊട്ടിയൂർ തിരുവഞ്ചിറയിൽ പ്രദക്ഷിണവഴികൾ പൂർത്തിയാക്കുമ്പോഴും ധ്യാനനിലനായി ശിവ പഞ്ചാക്ഷരങ്ങൾ ഉരുവിടുമ്പോഴും എന്നിൽ തെളിയുക മറ്റൊരു ചിത്രമാണ്,
മണ്ണുരുണ്ടപ്പോഴും മലയുരുണ്ടപ്പോഴും, മനസ്സുഴറാതെ സ്വന്തം ആരാധനാ ശില തേടി പൈതൃകങ്ങളുടെ തട്ടകം വീണ്ടെടുക്കാൻ അക്ഷുണ്ണ യജ്ഞം നടത്തിയ വീണ്ടെടുപ്പിൻ്റെ ഭഗീരഥകഥയാണ്…
_രാജേഷ് മണത്തണ
