വടക്കേ മലബാറിൻ്റെ നാട്ടുതാരികളിൽ ആട്ടവും പാട്ടുമായി പടർന്നു കിടക്കുന്ന നാടൻ കലകൾ ”ഫോക് ലോറുകൾ” ഈ ദേശത്തിൻ്റെ നാട്ടുചരിതത്തിലേക്ക് നീട്ടി പിടിച്ചൊരു ദൂരദർശിനിയാണ്. നാട്ടുപച്ചയുടെ സാംസ്കാരിക ചരിത്രത്തിന് അഭിമുഖമായി വെച്ചൊരു ഛായാ മുഖിയും,
അതിൽ തെളിയുന്നത് എന്താണ്? കടലുകൾ കടന്നു വരുന്ന ആഗമനങ്ങൾ. നെയ്തലുകളും മരുതങ്ങളും കുറിഞ്ചിത്തിണകളും കടന്ന് കൊടിയടയാളങ്ങൾ നാട്ടുന്നുണ്ട്. ഇത് കടൽ വ്യാപാരത്തിൻ്റെയും സഞ്ചാരത്തിൻ്റെയും കഥയാണെങ്കിൽ, കര കച്ചവടത്തിൻ്റെ സഞ്ചാരപഥങ്ങൾ മറ്റൊന്നാണ്.മലയാള നാടിൻ്റെ മലമ്പാതകളിലൂടെ വിവിധ നാടുകളിൽ നിന്ന് വണിക സംഘങ്ങൾ എത്തിയിരുന്നതിൻ്റെ പ്രാചീന സൂചനകൾ ഉണ്ട്. ഇത്തരം കച്ചവട സംഘങ്ങളോടൊപ്പം ബുദ്ധ, ജൈന മതങ്ങളുടെ പ്രചരണക്കാരും സഞ്ചരിച്ചിരുന്നു. തോൽപ്പാവക്കൂത്ത് ആചാര്യനായ രാമചന്ദ്ര പുലവർ ഓർമ്മിച്ചെടുക്കുന്നു തൻ്റെ പൂർവ്വികർ കേരളത്തിലേക്ക് എത്തുന്നത് ”ബുദ്ധരാമായണം” കഥയുടെ പ്രചരണാർത്ഥം വന്നത് ഇത്തരം കച്ചവട പാതകളിലൂടെയാണെന്ന്. കുടകു മലകളും വയനാടൻ ചുരങ്ങളും കയറി ഇറങ്ങി കാളപ്പറ്റങ്ങളുമായി വരുന്ന അന്യദേശികരുടെ കഥയാണത്. പുതിയ പുതിയ കുടിപാർപ്പുകൾ വരുമ്പോൾ കൂടും കുടുക്കയുമെടുത്ത് ഓടാൻ വിധിക്കപ്പെട്ട വെന്ത കാലുകളുടെ വട്ടം തിരിയലുകൾ. എല്ലാം നാട്ടുകലകളുടെ ഉച്ചവെയിൽ തിളക്കത്തിൽ ഇപ്പോഴും തെളിഞ്ഞു നിൽക്കുന്നുണ്ട്. ഒന്നു കാതോർത്താൽ, ഒന്നു കൺ തുറന്നാൽ ആഗമനങ്ങളുടെയും നിർഗമനങ്ങളുടെയും ഉണർച്ചകളും നിഴലാട്ടങ്ങളും നമുക്ക് കാണാം.
വടക്കേ മലബാറിൻ്റെ ഫോക് ലോർ പ്രബഞ്ചത്തിൽ മലയ സമൂഹം പാടി വന്നിരുന്ന കോതാമൂരി പാട്ടിലുണ്ട് അതിൻ്റെ അടയാളങ്ങൾ, പുരക്കളിയിലെ പൂമാല പാട്ടിലുണ്ട് അടയാളങ്ങൾ, പുലയരുടെ ചിമ്മാന കളിപാട്ടിലുണ്ട് അതിൻ്റെ നിഴലനക്കങ്ങൾ. തെയ്യ പ്രബഞ്ചത്തിലുമുണ്ട് ആഗമനങ്ങളുടെ നാട്ടുചരിതം. കടൽ വ്യാപാരത്തിന് സമാന്തരമായി തന്നെ നൂറ്റാണ്ടുകൾ മുൻപ് തന്നെ ഇവിടെ കര കച്ചവട സംസ്ക്കാരം നിലനിന്നിരുന്ന സൂചനകൾ തരുന്നുണ്ട് ഇത്തരം ഫോക് ലോറുകൾ. പെരുമ്പുഴ അച്ഛൻ, കതിവന്നൂർ വീരൻ തുടങ്ങിയ തെയ്യങ്ങൾ കരകച്ചവടത്തിൻ്റെ പ്രതീകങ്ങൾ ആണ്. ”കുടക് മല പന്ത്രണ്ടും പട്ടണം പതിനെട്ടും നടന്ന്” കണ്ട് ചുരം കയറിയും ഇറങ്ങിയും കച്ചവടം ചെയ്ത് പോകുമ്പോൾ അതത് ദേശത്ത് എത്തുമ്പോൾ നാടുവാഴികൾക്ക് കപ്പം കൊടുക്കണമായിരുന്നു. അങ്ങിനെയൊരു കച്ചവട മര്യാദ നൂറ്റാണ്ടുകൾക്കു മുൻപേ ഇവിടെ പുലർന്നിരുന്നു എന്ന് തോറ്റംപാട്ടുകൾ സൂചന തരുന്നുണ്ട്. വയനാടും കുടകും അതിരിടുന്ന ഈ ജീവിത ഭൂമികയ്ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഈ ജനപഥം ഇന്നലെ മുളച്ചുപൊന്തിയതല്ല. പലരും പലയിടങ്ങളിൽ നിന്ന് വന്ന് പലതായി നടന്നു തീർത്ത വഴിത്താരകൾ ഇവിടെ മാഞ്ഞു പോകാതെ ജീവിത രേഖകൾ പോലെ ഒളിഞ്ഞു നിൽക്കുന്നുണ്ടാവണം. ഒട്ടേറെ തെയ്യങ്ങളുടെ ജീവിത പരിസരം വയനാടും അതിൻ്റെ താഴ് വാരങ്ങളുമാണ്. തീയ്യരുടെ ആദി പിതാവായി ഗണിക്കപെടുന്ന വയനാട്ട് കുലവൻ, പെരുമ്പുഴ അച്ഛൻ, രുധിരപാലൻ, നമ്പല മുത്തപ്പൻ അങ്ങിനെ ഒട്ടേറെ തെയ്യങ്ങൾ. കിഴക്കൻപെരുമാൾക്ക് കപ്പം കൊടുക്കാൻ കഴിയാതെ ഓടി.. ഓടി.. പെരുമ്പുഴയിൽ വീണ് ദുർമരണമടഞ്ഞ യുവാവായ വണിക്ക്, അവരുടെ നിലവിളികളും ആത്മവിലാപങ്ങളും താരികളും മുഴക്കങ്ങളുമായി ഒലികൾ തീർക്കുന്നിണ്ടിവിടെ…
ആരാണ് കിഴക്കൻ പെരുമാൾ?
തിരുന്നെല്ലി പെരുമാളെന്നാണ് സൂചന. അതിന് കാരണവുമുണ്ട്12 നൂറ്റാണ്ടിൻ്റെ അവസാനത്തോടെ ഈ പ്രദേശങ്ങളിലെ പെരുമാൾ വാഴ്ച അവസാനിക്കുകയും, തുടർന്ന് കാർഷിക സമ്പദ്ഘടന വളർച്ച പ്രാപിക്കുകയും അങ്ങാടികളും നാണയ വിനിമയവും കച്ചവട പാതകളും മലപ്രദേശങ്ങളിൽ ഉയർന്നു വരുന്നുണ്ട്. അങ്ങിനെ കർണാടകയെ കേരളവുമായി ബന്ധിപ്പിക്കുന്ന കച്ചവട പാതയിൽ ഉയർന്നു വന്ന തിരുന്നെല്ലിക്കു സമീപത്തെ നഗരമായിരുന്നു തിരുമരുതൂർ നഗരം.
13_16 നൂറ്റാണ്ടുകൾക്കിടയിൽ എഴുതപെട്ടുവെന്ന് വിശ്വസിക്കുന്ന ഉണ്ണിയച്ചിചരിതത്തിൽ, ഈ നഗരത്തെ കുറിച്ച് സൂചനകൾ ഉണ്ട്. പലതരം മരുന്നുകളും, കുരുമുളകും ഏലവും ചുക്കും ഉണക്ക ചെമിനും നെല്ലും വിൽപ്പനക്ക് വെച്ച നഗരം. ചോള ഭാഷയും തുളുവും മലയാളവും കന്നടകയും ആര്യഭാഷയും മുഖരിതമാവുന്ന വയനാട്ടിലെ പ്രാചീന കമ്പോളം,
തിരുമരുതൂർ നഗരം..
ഈ നഗരത്തിലേക്കായിരിക്കാം വടുകദേശത്തെ, ഇന്നത്തെ തെലുങ്കാനയിലെ സമ്പന്ന വ്യാപാരിയായ കങ്കാള ദേവൻ്റെയും പത്നി വാരിക്കാ ദേവിയുടെ മകനാമായ സുന്ദരനും സാഹസികനുമായ യുവാവ് നുറുകണക്കിന് കാളപറ്റങ്ങളും സാധന സാമഗ്രികളുമായി കച്ചവടത്തിനെത്തിയത്. കച്ചവട മര്യാദകൾക്കിടയിലെവിടെയോ, എപ്പോഴോ കശപിശ ഉണ്ടാവുന്നു. കിഴക്കൻ പെരുമാളായ തിരുന്നെല്ലി തേവർക്ക് കപ്പം കൊടുക്കാൻ കഴിയാതെ വരുന്നു ആ യുവാവിന്, പെരുമാളുടെ ശാപം കാരണം കാളകളെല്ലാം കല്ലായി മാറി. ചരക്കുകളെല്ലാം പെരുമഴയിൽ നശിച്ചുപോയി. ദു:ഖം സഹിക്കാതെ അയാൾ ലക്ഷ്യമില്ലാതെ ഓടി ഓടി പെരുമ്പുഴയിൽ വീണ് മരിച്ചു. പിറ്റേന്നാൾ മീൻ പിടിക്കാൻ പുഴയിൽ വന്ന വള്ളുവനാണ് ചത്തുമലച്ചു കിടക്കുന്ന യുവാവിനെ കണ്ടത്. അങ്ങിനെ അയാൾ വള്ളുവ സമുദായത്തിൻ്റെ കുലദൈവമായി മാറുന്നു. പയം കുറ്റിയും മാംസവും മദ്യവും സ്വീകരിച്ച് ആ പരേത ജന്മം സായൂജ്യമടയുന്നു പീന്നിടെപ്പോഴോ പെരുമ്പുഴ അച്ഛൻ തെയ്യമായി ഉയിരെടുക്കുന്നു…
വള്ളുവ സമൂദായം തെന്നിന്ത്യയാകെ വ്യാപിച്ച വ്യാപാരി സമൂഹമാണ്.. ഇങ്ങ് വടക്കേ മലബാറിലുമുണ്ട് ആ സമൂഹത്തിന് വേരുകൾ. തെലുങ്കാനയിൽ നിന്ന് പുറപ്പെട്ട് തമിഴ്നാട്ടിൽ കുടി വെച്ച് അവിടെ നിന്ന് കേരളത്തിലേക്ക് വന്ന ഒരു പ്രാചീന സമൂഹത്തിൻ്റെ ചരിതത്തിലേക്കാണ് പെരുമ്പുഴ അച്ഛൻ തോറ്റം നമ്മെ വലിച്ചടിപ്പിക്കുന്നത്. തെയ്യങ്ങൾ ദിഗ്വിജയികളുടേതും പട ജയിച്ചവരുടേതും മാത്രമല്ലല്ലോ. തോറ്റു പോയവരുടേതും ദുരന്തമുഖങ്ങളിൽ മൊഴി ഒലികളില്ലാതെ പൊലിഞ്ഞവരുടെ ആത്മപ്രകാശനങ്ങളുമാണല്ലോ… നേരിൻ്റെയും നെറികേടിൻ്റെയും നൂറു നൂറായിരം പെരിയകളിൽ തൻ്റെ പെരിയ തിരിച്ചറിയാതെ നട്ടം തിരിഞ്ഞ് ഓടി ഓടി ആർത്തലച്ച് ഒഴുകുന്ന ചരിത്രത്തിൻ്റെ പെരുമ്പുഴകളിൽ വീണ് കുമിളകളായി അമർന്നുതിർന്നവരുടെ ജീവിത സാക്ഷ്യങ്ങൾ കൂടിയാണ് നമ്മുടെ നാട്ടുപുരാവൃത്തങ്ങൾ…
_രാജേഷ് മണത്തണ

