മാണിയൂർ ഗോപുരവാതിലും കടന്ന് ആ രാത്രിയിൽ നാട്ടു നിലാവ് വെളിച്ചം വിതറിയ പച്ചപ്പാടങ്ങളുടെ നടവരമ്പിലൂടെ കണ്ടൻ നടക്കുകയാണ്. നിലാവിൻ്റെ തണുപ്പിൽ ഓർമകൾ കുറുകാൻ തുടങ്ങും
പതിയെ പതിയേ. ഇപ്പോൾ കണ്ടൻ്റെ മനസ്സിൽ സന്ധ്യക്ക് കണ്ട ആ അമ്പല കാഴ്ച തന്നെയായിരുന്നു. വാദ്യഘോഷങ്ങളോടെ കൊടിയേറ്റം, താലപ്പൊലിയുമായി പെൺകൂട്ടങ്ങൾ, ദീപപ്രഭയിൽ തിക്കിതിരക്കുന്ന പുരുഷാരങ്ങൾ, മൂത്തപ്പൻ പറഞ്ഞത് സത്യമാണെങ്കിൽ എത്രമാത്രം നിന്ദ്യവും നീചവുമാണ് ഈ ആചാരങ്ങൾ. ഓർമ്മകൾ ഉണ്ടായാരിക്കുക സങ്കടകരമാണ് ശിരസ്സിൽ ഉണങ്ങാത്ത പുണ്ണുമായി ജീവിക്കുക. തലയിൽ ആഞ്ഞുതറച്ച കാരമുള്ളാണിയുടെ വേദനയിൽ ജിവിതം നടന്നു തീർക്കുക എന്തുമാത്രം ദുസ്സഹമാണത്. ഇന്നലെ പെയ്ത മഴയുടെ നനവും ഈർപ്പവും ആരും കാത്ത് സൂക്ഷിക്കാത്തതെന്ത്. കാരണവൻമാരുടെ ഓർമ്മകളുടെ കൈമാറ്റത്തിൽ പതിഞ്ഞ ചിത്രമുണ്ട് ഈ ഇടവും നാടുമെല്ലാം ബുദ്ധ പൂർണ്ണിമകൾ കണ്ടുണർന്ന ധർമ്മാനുസാരിക കരുടെ, സഞ്ചാരികളുടെ കാലടികൾ പതിഞ്ഞ പച്ച മണ്ണു തന്നെയാണ്. ഒന്നു തിരഞ്ഞാൽ ആ കാലടികൾ നമുക്ക് കണ്ടെത്താം അവർ വേദനിക്കുന്നവർക്കായി, വിശക്കുന്നവർക്കായി അൻപിൻ്റെ അലങ്ങൾ നാടുനീളെ പണിതു. പിന്നിടെപ്പോഴോ തല മുണ്ഡനം ചെയ്ത് കൈയ്യിൽ ദണ്ഡുമേന്തി വന്ന പ്രഛന്ന ബുദ്ധനും അനുയായികളും പിടിച്ചെടുത്തു. അവർക്കായി അമ്മയുടെ ശിരസ്സറുത്ത് പിതാവിൻ്റെ കാൽക്കൽ വെച്ച ഒരു നായക കഥയും അകമ്പടിയായെത്തി, പിറ മണ്ണിൽ കോടാലി ആഴ്ത്തിയവർ നായകരായി. പിന്നെല്ലാം എത്ര വേഗത്തിലായിരുന്നു അൻപലങ്ങളിൽ കഴുമരങ്ങൾ ഉയർന്നു. തോറ്റു കൊടുക്കാത്തവരെ വാദ്യഘോഷങ്ങളോടെ കഴുവേറ്റി. മുറിനാവുകളുമായി ആചാര്യൻമാരുടെ തലകൾ കൊണ്ട് തലപ്പൊലിയൊരുക്കി. പിടിച്ചടക്കലിൻ്റെ ചരിത്രത്തിന് നിന്ദ്യവും നീചവുമായ ഒരു അലർച്ചയുണ്ട്, ചോരയുടെ മണമുണ്ട്, കൊടിയേറ്റം പഴയ കഴുവേറ്റലാണെന്നും താലപ്പൊലി ചോരയിറ്റുന്നതലപ്പൊലിയാണെന്നും ഓർക്കുമ്പോൾ ഓക്കാനം വരും. കണ്ടൻ, വയൽ വരമ്പിരുന്ന് ഓർമ്മകൾ നഷ്ടമായ എല്ലാവർക്കുമായി ഓക്കാനിച്ചു. ഓക്കാനത്തിൻ്റെ തളർച്ചയിൽ വർഷങ്ങൾക്കപ്പുറത്തെ മഴ തോരാത്ത കർക്കടക പകൽ തെളിഞ്ഞു വന്നു. ചാത്തമ്പള്ളി വീടിൻ്റെ ഉമ്മറ കോലായിൽ നിറയെ ആൾക്കാരുണ്ട് എല്ലാവരും ബന്ധുക്കൾ തന്നെയാണ്. മൂത്തപ്പൻ വിടചൊല്ലലിൻ്റെ വേവലാതികൾക്ക് അവസാനിപ്പിച്ച് പടിഞ്ഞിറ്റയിൽ കയറി. മക്കളെയും മരുമക്കളെയും ചെറുമക്കളെയും ഒരോരുത്തരായി വിളിക്കുന്നുണ്ട് ഒടുവിലെപ്പോഴോ എൻ്റെ ഊഴമെത്തി. കുഞ്ഞി… കണ്ടൻകുഞ്ഞി.. എന്താ മൂത്തപ്പാ നയമ്പു പുല്ലു വിരിച്ച പായയിൽ മൂത്തപ്പൻ്റെ കിടപ്പ് കണ്ടപ്പോൾ എനിക്ക് ആധിയായി മൂത്തപ്പനെന്താ പറ്റിയത് ഒന്നുമില്ല കുഞ്ഞി മൂത്തപ്പൻ ജിവൻ്റെ നൂലേണി അറുക്കാൻ പോവുകയാണ് എനിക്ക് ഒന്നും മനസ്സിലായില്ല. ”മൂത്തപ്പൻ്റെ കൂടെ കാടും മേടു കയറിയത് ആരാ?” ”ഞാനല്ലേ മുത്തപ്പാ?” ”ഓരോ പച്ചിലയിലും ജിവൻ്റെ ഔഷധമുണ്ടെന്നും മരണമുണ്ടെന്നും നിന്നെ പഠിപ്പിച്ചത് ആരാ?” ”മൂത്തപ്പൻ.” ഞാനല്ല നമ്മുടെ വംശാവലി. അതിൻ്റെ കണ്ണിയാണ് ഞാനും നീയും ധർമ്മചിന്തകരുടെ വൈദ്യ പാരമ്പര്യത്തിൻ്റെ കണ്ണികൾ മുറി നാവുകളാവാതെ, കഴുവേറ്റ പെടാതെ നന്മൾ ഓടിയത് മനുഷ്യകുലത്തിനു വേണ്ടിയാണ് പക്ഷെ നമ്മൾ ചവിട്ടി താഴ്ത്തപ്പെട്ടു തീണ്ടാപ്പാടകലെ നിൽക്കേണ്ടവരായി മാറി നമ്മൾ, വഞ്ചനയുടെ മന്ത്ര, തന്ത്രസംഹിതകൾ. അതിനു സ്തുതി പാടാൻ നാടുവാഴികളും. കുഞ്ഞി നമ്മൾ വഴി മാറി നടക്കുകയായിരുന്നു അറിവിൻ്റെ ആത്മബോധം തെളിച്ച നാട്ടുപാതയിലൂടെ ഇനിയും നടക്കണം പിന്നെയും മൂത്തപ്പൻ എന്തൊക്കെയോ പറഞ്ഞിരുന്നു പലതും മനസ്സിലായില്ല ഒന്നു മാത്രം മനസ്സിലായി ഞാൻ ഒരു വൈദ്യവംശാവലിയുടെ കണ്ണിയാണെന്നു മാത്രം. ജിവൻ്റെ കൈയ്യൊപ്പുകൾ വായിക്കാൻ കഴിയുന്ന ഒരു പരമ്പരയുടെ കണ്ണി. കുഞ്ഞീ… പോയ്ക്കോളു തിരിഞ്ഞു നോക്കരുത് വർഷങ്ങൾ എത്ര കഴിഞ്ഞു മൂത്തപ്പൻ വിടചൊല്ലിയിട്ട്. നാട്ടു നിലാവിലൂടെ കണ്ടൻ നടക്കുകയാണ്. കരു മാരത്ത് ഇല്ലത്തെ പഠിപ്പുരയിൽ നിന്ന് ഒരു കൂട്ടം ആൾക്കാർ ഇറങ്ങി വരുന്നുണ്ട്. അവരുടെ തോളിൽ ശവമഞ്ചമുണ്ട്. കാലം കണ്ടനോട് പറഞ്ഞത് വഴിമാറാനാണ്, എങ്കിലും മടിച്ചു മടിച്ചാണ് ച ചോദിച്ചത്, ”എന്തേനു പറ്റിയത് എശമാനാ?” കൂട്ടത്തിലാരോ പറഞ്ഞു, വിഷം തീണ്ടിയതാ, തിരുമേനി തീർപ്പും കല്പിച്ചു, തീർന്നു!” ചൂട്ടുവെളിച്ചത്തിൽ കണ്ടൻ ആ മുഖത്തേക്ക് ഒന്നു നോക്കി. ഇല്ല ജീവൻ്റെ ഞരമ്പുകൾ ഇപ്പോഴും ആ ശരീരത്തിൽ പിടയുന്നുണ്ട്. ആയിരം ജപമണികളുടെ മന്ത്രധ്വനികൾ പോലെ കണ്ടൻ്റെ ഗുരു കാരണവ പരമ്പര കണ്ടനോടു മൊഴിയാൻ തുടങ്ങി, ”ഞാനൊന്നു നോക്കട്ടെ”
”എന്തിനാ?”
”എന്തായാലും മറവു ചെയ്യാൻ കൊണ്ടു പോകുന്നതല്ലേ, ഈ കുളത്തിലേക്ക് ആ ശരീരം ഉപേക്ഷിക്കൂ. ഒരു അറ്റ കൈ പരീക്ഷണം, എനിക്ക് പിഴച്ചാൽ ശിക്ഷിച്ചോളൂ”
അവർ തോളിലെ ഭാരം കുളത്തിലേക്ക് എറിഞ്ഞു. മാത്രകൾ, നിമിഷങ്ങൾ, അതാ ജീവൻ്റെ കുമിളകൾ ഉയരുന്നു. കണ്ടൻ കുളത്തിലേക്ക് എടുത്തു ചാടി, ആ ശരീരം മാറത്തടക്കി കുളപ്പടവിലിരുന്നു. അവനു മുന്നിൽ നിലാവിൽ കുളിച്ച ആ പച്ചപ്പാടം ജീവൻ്റെ ഔഷധികൾ പൂത്ത പച്ചിലക്കാടായി മാറി. ജപമണികളുടെ ആവർത്തനങ്ങളിൽ അവനിലെ വൈദ്യൻ ഉണർന്നു. അറിവിൻ്റെ ആത്മബോധങ്ങളിൽ ഒരു ജീവൻ്റെ കൈയൊപ്പ് തിരയുകയായിരുന്നു കണ്ടൻ…
_രാജേഷ്മണത്തണ

