
തിരുവനന്തപുരം:
കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയുടെ പുതിയ
കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തി ഏകദേശം പൂർത്തിയായിട്ടുണ്ടെന്നും ഒക്ടോബർ മാസത്തോടുകൂടി കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയെ അറിയിച്ചു.
ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരുടെ അധിക തസ്തികകള്‍ സൃഷ്ടിക്കുന്നതിനായി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സമര്‍പ്പിച്ചിട്ടുള്ള പ്രൊപ്പോസല്‍ പരിശോധിച്ചു വരുന്നതായും കെ.പി.മോഹനൻ
എംഎൽഎ യുടെ ചോദ്യത്തിന് മന്ത്രി മറുപടിയായി പറഞ്ഞു.
12 നിലകളുള്ള പുതിയ കെട്ടിടത്തിന്റെ ഒന്നാം ഘട്ടനിര്‍മ്മാണം നബാർഡ് ആര്.ഐ.ഡി.എഫ്. സ്കീമിനു കീഴില്‍ 13.045 കോടി രൂപ ചെലവിലാണ്ട് പൂർത്തിയായത്. രണ്ടാം ഘട്ട പ്രവൃത്തിക്ക് നബാര്‍ഡ് ആര്.ഐ.ഡി.എഫ്. സ്കീമിനു കീഴില്‍ 46.1837 കോടി രൂപയുടെ ഭരണാനുമതി നല്‍കുകയും പ്രവൃത്തി ഏകദേശം പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. കെട്ടിടം പൂർണ്ണതോതിൽ പ്രവർത്തന സജ്ജമാക്കുന്നതിന് ആവശ്യമായ ഉപകരണങ്ങൾ, ഫർണ്ണിച്ചർ എന്നിവ അനുവദിക്കുന്നതിനുള്ള പ്രൊപ്പോസൽ തയ്യാറാക്കുന്ന നടപടികൾ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് തലത്തില്‍ സ്വീകരിച്ചുവരുന്നുണ്ട്. പുതിയ കെട്ടിടത്തിൽ ഐ.സി.യു., പീഡിയാട്രിക്സ്, ന്യൂബോൺ, മെഡിക്കൽ, സർജിക്കൽ സൗകര്യവും, ഓപ്പറേഷൻ തിയറ്റർ സമുച്ചയവും (ജനറൽ സർജറി, ഓഫ്താൽമോളജി, ഗൈനക്കോളജി, ഇ.എൻ.ടി, ഓർത്തോ) സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ മെഡിക്കൽ റെക്കോർഡ് ലൈബ്രറിയും സജ്ജീകരിച്ചിട്ടുണ്ട് – മന്ത്രി പറഞ്ഞു.
