
തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ണൂർ യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടത്തിയ പരിശോധനയിൽ മാലിന്യ സംസ്കരണ രംഗത്തെ നിയമ ലംഘനത്തിന് പിഴ ചുമത്തി.ക്യാമ്പസിലെ വിവിധ കെട്ടിടങ്ങളിലെ ജൈവ അജൈവമാലിന്യങ്ങൾ വേർതിരിക്കാതെ മെയിൻ ബ്ലോക്കിന് സമീപമുള്ള കുഴിയിൽ നിക്ഷേപിച്ചതായും തൊട്ടടുത്തുതന്നെ കത്തിച്ചതായും കണ്ടെത്തി .നേരത്തെ മാലിന്യം തള്ളാൻ ഉപയോഗിച്ചിരുന്ന കുഴി നിറഞ്ഞത് കാരണം അതിന് ചുറ്റുമായി ഭക്ഷണ അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ളവ വലിച്ചെറിഞ്ഞ നിലയിലാണ് .സ്ക്വാഡ് കണ്ടെത്തിയത്. മാലിന്യങ്ങളിൽ ഒറ്റത്തവണ ഉപയോഗ വസ്തുക്കളായ പേപ്പർ കപ്പ്,പ്ലാസ്റ്റിക് ക്യാരിബാഗുകൾ എന്നിവയ്ക്കൊപ്പം പ്ലാസ്റ്റിക് കുടിവെള്ള കുപ്പികൾ ഉൾപ്പെടെയുള്ളവ കൂടിക്കലർന്ന നിലയിൽ ആയിരുന്നു.ഭക്ഷണ അവശിഷ്ടങ്ങൾ തേടിയെത്തുന്ന തെരുവ് നായകൾ സ്ഥലം കയ്യടക്കിയ നിലയിലായിരുന്നു .കല്ലുകൊണ്ട് ഉണ്ടാക്കിയ പ്രത്യേക നിർമ്മിതിയിൽ മാലിന്യങ്ങൾ കത്തിച്ചതായും സ്ക്വാഡ് കണ്ടെത്തി. മുൻസിപ്പൽ ആക്ട് വകുപ്പ് 340 പ്രകാരം 5000 രൂപ പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കാൻ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് കണ്ണൂർ കോർപ്പറേഷന് നിർദ്ദേശം നൽകി. പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെൻ്റ് ടീമിലെ കെ.ആർ അജയകുമാർ, പ്രവീൺ പി എസ്, സീനിയർ പബ്ളിക് ഹെൽത്ത് ഇൻസ്പെക്ടർ സജില വളർപ്പൻ കണ്ടിയിൽ, രേഷ്മാ രമേശൻ എന്നിവർ പങ്കടുത്തു.
