
തിരുവനന്തപുരം: ഒക്ടോബര്‍ ഒന്നുമുതല്‍ സംസ്ഥാനത്ത് ഭൂരിഭാഗം ജില്ലകളിലും സാധാരണയെക്കാള്‍ കുറവ് മഴയാണ് ലഭിച്ചതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ശരാശരിയെക്കാള്‍ 19 ശതമാനം കുറവോ, 19 ശതമാനം കൂടുതലോ ലഭിച്ചാല്‍ അത് സാധാരണ മഴയായാണ് കണക്കാക്കുന്നത്.
മഴയില്‍ 20 മുതല്‍ 59 ശതമാനം വരെ കുറവുണ്ടാകുന്നതിനെയാണ് മഴക്കുറവ് എന്ന് പറയുക. പതിനാല് ജില്ലകളില്‍ ഒന്‍പത് ഇടത്തും മഴക്കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ മഴക്കുറവ് മലപ്പുറം ജില്ലയിലാണ്. അവിടെ 42 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
കാസര്‍കോട്, തൃശൂര്‍, ഇടുക്കി ജില്ലകളില്‍ 37 ശതമാനവും കൊല്ലത്ത് 33 ശതമാനവും എറണാകുളത്ത് 32ശതമാനവും കോട്ടയത്ത് 28 ശതമാനവും കണ്ണൂരില്‍ 27 ശതമാനവും കോഴിക്കോട് 22 ശതമാനവും മഴയില്‍ കുറവുണ്ടായി. പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ 18 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
ഒരു ജില്ലയിലും അധികമഴ രേഖപ്പെടുത്തിയില്ല. അതുപോലെ തന്നെ ഒരിടത്തും മഴ തീരെ ഇല്ലാത്ത അവസ്ഥയും ഉണ്ടായില്ല. തുലാവര്‍ഷക്കാലത്ത് സംസ്ഥാനത്തുടനീളം മഴ ലഭ്യതയില്‍ വലിയ അസന്തുലിതാവസ്ഥയാണ് ഉണ്ടായിട്ടുള്ളതെന്നും, മധ്യ-വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴക്കുറവ് നേരിട്ടതെന്നും കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
