
തിരുവനന്തപുരം: രാത്രിയുടെ മറവിൽ എൽപിഎസ്ടി സമരപ്പന്തൽ പൊളിച്ചുനീക്കിയ പൊലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇന്ന് സമരപ്പന്തൽ സന്ദർശിക്കുന്നതിനിടയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ മൃഗീയമായാണ് ഇന്നലെ വളർമതിയെ പൊലീസ് കൊണ്ടുപോയതെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
രാഷ്ട്രീയം പഠിക്കുക.ഗാന്ധിമാർഗമാണ് നിരാഹാര സമരങ്ങൾ.നിരാഹാരം പോലും ചെയ്യാൻ സർക്കാർ അനുവദിക്കുന്നില്ല. ഇതിനെല്ലാം ഉത്തരവാദി മുഖ്യമന്ത്രി വിഡി സതീശനാണ്. സർക്കാർ കാട്ടാളത്തപരമായ നിലപാട് സ്വീകരിക്കുന്നു. ഏതെങ്കിലും പാർട്ടിയോ പ്രസ്ഥാനമോ അല്ല എല്ലാവരുടെയും പിന്തുണ അവർക്ക് ലഭിക്കും. ഒരാഴ്ചകൊണ്ട് പ്രശ്നം പരിഹരിക്കുമെന്നാണ് അന്ന് സതീശൻ പറഞ്ഞത്. എന്നാൽ ഇപ്പോൾ എന്തായെന്നും എം വി ഗോവിന്ദൻ ചോദിച്ചു.
അതേസമയം , പൊലീസ് നിലപാടിനെ വളർമതിയും വിമർശിക്കുകയുണ്ടായി.തന്റെ ആരോഗ്യം കണക്കിലെടുത്താണോ ഇന്നലെ രാത്രി ഈ കാട്ടിക്കൂട്ടിയതൊക്കെയെന്നായിരുന്നു വളർമതി ചോദിക്കുന്നത്. വലിച്ചിഴച്ചു കൊണ്ടുപോകാൻ ഞങ്ങൾ ക്രിമിനൽ കേസിലകപ്പെട്ട പ്രതികളല്ല സാറെന്നും വളർമതി പറയുന്നു. കേരളത്തിൽ അല്ലാതെ ഒരു സംസ്ഥാനത്തും ഇതൊന്നും നടക്കില്ല. തൊഴിലിന് വേണ്ടി ഗാന്ധി മാർഗത്തിലൂടെ സമാധാനമായി സമരം ഇരിക്കുന്നവരാണ് ഞങ്ങൾ. സമരപ്പന്തൽ പൊളിക്കാൻ വേണ്ടിയാണോ ആശുപത്രിയിലേക്ക് മാറ്റിയത് എന്നറിയണമെന്നും വളർമതി പറഞ്ഞു.
